ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരമുഖത്ത് നിന്ന് പിൻവാങ്ങാതെ ഇന്ത്യാ സഖ്യം. ഡൽഹിയിൽ നാളെയും ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം തുടരും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്താൻ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിലേക്കാണ് നാളെ പ്രതിഷേധ പ്രകടനം നടക്കുക.
അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിന്റെ മൂന്നാം ദിനം സമരകേന്ദ്രമായി തെരഞ്ഞെടുത്തത് ഗാന്ധി സമാധിയായ രാജ്ഘട്ട് ആയിരുന്നു. ഡൽഹി കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റിൽ നിന്ന് മൂന്ന് ബസുകളിലായാണ് എംപിമാർ യാത്ര തിരിച്ചത്. രാജ്ഘട്ട് വരെയുള്ള വഴിയിൽ ഇത്തവണ പൊലിസ് തടസങ്ങൾ സൃഷ്ടിച്ചില്ല. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ബസുകൾക്കൊപ്പം നടന്നു നീങ്ങി.
രാജ്ഘട്ടിൽ എത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. തികച്ചും സമാധാനപരമായിരുന്നു സമരാന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെയുള്ള കനത്ത കേന്ദ്രസേനകളുടെ വിന്യാസവും ഉണ്ടായിരുന്നില്ല. രാജ്ഘട്ടിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വന്തം വാഹനങ്ങളിലാണ് മടങ്ങിയത്.
എന്നാൽ പ്രതിഷേധം ഇവിടെകൊണ്ട് അവസാനിപ്പിക്കില്ലെന്ന് എംപിമാർ വ്യക്തമാക്കി. വരും മണിക്കൂറുകളിലും രാജ്യത്തെ പ്രതിപക്ഷം സമരമുഖത്ത് സജീവമായി ഉണ്ടാകും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി മുന്നോട്ടുപോകാനാണ് സമരമാർഗത്തിലൂടെ പ്രതിപക്ഷത്തിന്റെ തീരുമാനം.